Tuesday, June 22, 2010

വിശപ്പിന്‍റെ വിളി



ഉറക്കം വന്ന്‍ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ , അതിനിടയിലാണ് ഒടുക്കത്തെ സന്തതി കാറാന്‍ തുടങ്ങിയത്. ഇതുവരെ ചിണുങ്ങിക്കൊണ്ടിരുന്ന മൂത്തത്ങ്ങള് രണ്ടിനേം ഒരുജാതിക്കൂടി എങ്ങനോ ഒറക്കിയതാണെന്ന്‍ അയാള്‍ വേദനയോടെ ഓര്‍ത്തു . കരച്ചില്‍ അസഹനീയമായപ്പോള്‍ അയാള്‍ ബീവിയെ വിളിച്ചു.
 ’ടീ സുഹറേ, അയിന് വല്ലതും കൊടുക്കെടി..’
 …….
അവളുടെ നിശബ്ദത അയാളെ ക്രുദ്ധനാക്കി.
 ’ഇങ്ങെന്താ ഒന്നും മിണ്ടാത്തെ, നെന്റെ വായിലെന്താ പയം തള്ളി ബെച്ചിക്കോ?’ അയാള്‍ വീണ്ടും ചോദിച്ചു.
‘ഞാനെന്തെടുത്ത്‌ബച്ച് കൊടുക്കണെന്നാ ഇങ്ങള് പറയുന്നേ?’ അവളുടെ സങ്കടം വാക്കുകളായി..
ഓര്‍ക്കാനിഷ്ടമില്ലാത്ത എന്തോ കാര്യം ഓര്‍മ്മിപ്പിച്ചതിലുള്ള പരിഭവത്തോടെ അയാള്‍ വീണ്ടും മൗനത്തിലേക്ക് ഊളിയിട്ടു.
         കുഞ്ഞിന്റെ കരച്ചിലും അവളുടെ മൂളിപ്പാട്ടും ചേര്‍ന്ന് ആ ഓല മേഞ്ഞ കുഞ്ഞു വീടിനകത്ത് വീണ്ടും അസ്വസ്ഥതകള്‍ സൃഷ്ടിക്കാന്‍ തുടങ്ങിയതോടെ അയാള്‍ വീണ്ടും പ്രതികരിച്ചു.
‘ഇങ്ങ് അയിന് കൊറച്ച് മൊല കൊടുക്കെടീ ..’
 പ്രതികരണമായി അവളില്‍ നിന്നും ഒരു ഏങ്ങി കരച്ചില്‍ ഉയര്‍ന്നു തുടങ്ങിയതോടെ അയാള്‍ കട്ടിലില്‍ നിന്നും താഴോട്ടിറങ്ങി അവളോടു ചേര്‍ന്ന് കിടന്നു.അയാളുടെ കൈ വിരലുകള്‍ അവളുടെ പൊക്കിള്‍ ചുഴിയില്‍ താളം പിടിച്ചു.പക്ഷെ അത്തരം സ്നേഹ പ്രകടനങ്ങളൊന്നും അവള്‍ക്കു ആശ്വാസം നല്‍കുകയോ അവളുടെ വികാരങ്ങളെ തഴുകി ഉണര്ത്തുകയോ ചെയ്തില്ല.മറിച്ച് ഒളിച്ചു വെച്ചിരുന്ന സങ്കടങ്ങള്‍ പുറത്തേക്ക് വരുകയായിരുന്നു.
 ’മൊല വെറുതങ്ങ് വായില്‍ തിരുകി വെച്ചാല്‍ മത്യോ,പാല് വരണ്ടേ ? കഴിഞ്ഞ ഒരാഴ്ചയായി ഞമ്മള് വെറും പച്ച വെള്ളം മാത്രാ കുടിച്ചേ ..പിന്നെങ്ങനാ പാല് വരാ.’.അവള്‍ കരഞ്ഞുകൊണ്ടിരുന്നു.
             അയാള്‍ അവളുടെ ശരീരത്തില്‍ നിന്നും വേര്‍പെട്ട് പുറത്തേക്കിറങ്ങി.ചുണ്ടില്‍ എരിയുന്ന ബീഡിയുമായി അയാള്‍ വരാന്തയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. താന്‍ പിറന്നു വീണത്‌ തന്നെ കഷ്ടപ്പാടുകളുടെ നടുവിലേക്കായിരുന്നു.കുടുംബത്തിന്റെ കണ്ണീരിനു പരിഹാരമാകുമെന്ന് കരുതിയാ വളരെ ചെറുപ്പത്തിലേ അന്യ ദേശത്ത് ചെന്ന് കഷ്ടപ്പെടാന്‍ തുടങ്ങിയത്.ഒരു പരിധി വരെ താന്‍ അതില്‍ വിജയിക്കുകയും ചെയ്തു.തന്റെ മൂത്ത മൂന്നു പെങ്ങന്മാരെ കെട്ടിച്ചയച്ചു.ഒടുവില്‍ എല്ലാരുടെയും നിര്‍ബന്ധത്തിനു വഴങ്ങി താനും കെട്ടി.പക്ഷെ വളരെ പെട്ടന്നായിരുന്നു ദുരിതങ്ങള്‍ ഇടുത്തീ പോലെ വീണുകൊണ്ടിരുന്നത്.ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ കുറെ നാള്‍ ജയിലില്‍…പിന്നെ ആരുടെയൊക്കെയോ ദയവില്‍ നാട്ടിലെ  നിത്യ ദാരിദ്രത്തിലേക്ക്..
           പള്ളിയും പാര്‍ട്ടിയുമായിരുന്നു അവസാന പ്രതീക്ഷ.രണ്ടു കൂട്ടരും ഒരുപോലെ കൈവിട്ടു. ഇനി എന്ത് ചെയ്യും? അരുതാത്തത് പലതും ചെയ്തു കൂടെയുണ്ടായിരുന്നവരൊക്കെ പണക്കാരായപ്പോഴും താന്‍ അള്ളാഹുവില്‍ വിശ്വസിച്ച് നല്ലത് മാത്രം ചെയ്തു.എന്നെങ്കിലും പട്ടിണിയും കഷ്ടപ്പാടുമില്ലാത്ത ഒരു ദിവസം സ്വപ്നം കണ്ടു..പക്ഷെ ഒന്നും നടന്നില്ല,സ്വപ്‌നങ്ങള്‍ കേവലം സ്വപ്‌നങ്ങള്‍ മാത്രമായി അവശേഷിച്ചു.
             അയാള്‍ അകത്തേക്ക് കയറി.എല്ലാവരും നല്ല ഉറക്കമാണ്.അയാള്‍ വേദനയോടെ ഭാര്യയെ നോക്കി.വര്‍ഷങ്ങള്‍ക്കു മുന്‍പ് താന്‍ നിക്കാഹ് ചെയ്തു കൊണ്ട് വരുമ്പോള്‍ എങ്ങിനെയിരുന്ന പെണ്ണാ,ഇപ്പം സ്വന്തം കുഞ്ഞിനു കൊടുക്കാന്‍ മൊലപ്പാല്‍ പോലുമില്ലെന്ന ഗതികേടിലേക്ക് താന്‍ അവളെ തള്ളിയിട്ടിരിക്കുന്നു..അയാള്‍ തേങ്ങലടക്കാന്‍ പാടുപെടുകയായിരുന്നു.ഒടുവില്‍ യന്ത്രികമെന്നോണം അയാള്‍ എഴുന്നേറ്റ് ഷര്‍ട്ട് എടുത്തിട്ട്,പുറത്തേക്കിറങ്ങി.
                   രാവിലെ അത്യാവശ്യം വേണ്ട വീട്ടു സാധനങ്ങളുമായി അയാള്‍ വീട്ടിലെത്തി.രാവിലെ എഴുന്നേറ്റത് മുതല്‍ അയാളെ കാണാതെ പരിഭ്രമിച്ചിരിക്കുകയായിരുന്നു ഭാര്യ.
 ’ഇങ്ങള് ഏട പോയതായിനും? ഞമ്മള് രാവിലെ മുതല്‍ കണ്ടോലോട് മുഴുവനും ചോയിച്ച് ഇങ്ങളെ കണ്ടോന്ന്.’
ചോദ്യങ്ങളെ അവഗണിച്ചുകൊണ്ട് വീട്ട് സാധനങ്ങളും കുറച്ചധികം പൈസയും അയാള്‍ അവളുടെ കൈയില്‍ കൊടുത്തു.
‘ഇതെവിടന്നാ ഇപ്പം ഇത്രേം പൈസ?’
തന്നെ വലിയങ്ങാടി ചന്തയില്‍ ഒന്നര ലക്ഷം രൂപയ്ക്കു വിറ്റെന്ന് പറയണമെന്നുണ്ടായിരുന്നു അയാള്‍ക്ക്‌..പക്ഷെ പറഞ്ഞില്ല,എന്തിനു വെറുതെ അവളെ വിഷമിപ്പിക്കണം..
                 ’ഞമ്മള് ഒരു വൈക്ക് പോകാ, ഇനി ചെലപ്പം കൊറച്ചു ദിവസം കഴിഞ്ഞേ വരൂ.എണക്ക് പേടിയുണ്ടേല് അപ്പറത്തെ ചെക്കനെ വിളിച്ചു ഇവിടെ നിര്‍ത്തിക്കോ..’ അയാള്‍ അതും പറഞ്ഞു നടന്നു നീങ്ങി.ആ നിമിഷം അയാളുടെ കണ്ണില്‍ ഒളിച്ചിരുന്ന കണ്ണീരിന്റെ നനവ്‌ ആര്‍ക്കും കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല.
 പിറ്റേന്ന് ഉച്ചക്ക് ടി വി ചാനലുകളില്‍ ഫ്ലാഷ് ന്യൂസുകളുടെ ബഹളം
              “ബാഗ്ലൂരില്‍ ഇരട്ട സ്ഫോടനം.മൂന്നു മലയാളികളെ സംശയിക്കുന്നു..
               പ്രതികള്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്നു സൂചന” ‍ ‍

Monday, May 24, 2010

ഇങ്ങനെയും ഒരു അവധിക്കാലം!!!




പഠിക്കുന്ന കാലമായിരുന്നേല്‍ രണ്ട് മാസം അവധി കിട്ടിയേനെ.ഇതിപ്പം രണ്ട് ദിവസം അവധി കിട്ടാന്‍ തന്നെ ആരുടെയൊക്കെ കാല്‌ പിടിക്കണം.ലീവെടുത്തു്‌ നാട്ടില്‍ ചെന്നപ്പോള്‍ അതിനേക്കാള്‍ കഷ്ടപ്പാട്,ഒന്ന് സംസാരിക്കാന്‍ പോലും ആരുമില്ല.സമയമാണേല്‍ ഒച്ചിനേക്കാള്‍ വേഗത്തിലാ ഇഴയുന്നത്.ടീവി കണ്ട് മടുത്തപ്പോള്‍ ഞാന്‍ എഴുന്നേറ്റ് ചെന്ന് ഉമ്മറത്തെ ചാരുകസേരയില്‍ മലര്‍ന്ന് കിടന്നു.(വെറ്റിലയില്‍ നൂറ് തേക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു,പക്ഷെ അച്ഛന്‍ കണ്ടാല്‍ മുഖത്തിന്റെ ഷെയ്പ് മാറുമെന്ന് ഉറപ്പുള്ളതുകൊണ്ട് അതിനു മുതിര്‍ന്നില്ല)

മുന്നിലെ ഗ്രൗണ്ടില്‍ കുറെ കുട്ടികള്‍ ക്രിക്കറ്റ് കളിക്കുന്നുണ്ട്.എത്രയോ കാലമായി ക്രിക്കറ്റ് കളിച്ചിട്ട്.പണ്ടൊക്കെ എന്നും കളിയായിരുന്നു.സ്കൂള്‍ വിട്ടാല്‍ 6.30വരെ കളിക്കും.അതു കഴിഞ്ഞാ വീട്ടില്‍ ചെല്ലുന്നത് (ഓരോ കള്ളം പറഞ്ഞ് വീട്ടുകാരെ പറ്റിക്കും). സ്കൂള്‍ അടച്ചാലത്തെ കാര്യം പറയണ്ട (അല്ലെങ്കില്‍ വേണ്ട,ഞാന്‍ പറയും!!). രാവിലെ ആറ് മണിക്കിറങ്ങും ഓടാനെന്നും പറഞ്ഞ്..ഓടി നന്നാകുവാണെങ്കില്‍ നന്നാവട്ടെ എന്നു കരുതി വീട്ടുകാര് രാവിലെത്തന്നെ വിളിച്ച് എഴുന്നേല്പിക്കും.സ്ഥലത്തെ പ്രധാന പയ്യന്‍സായി ഞങ്ങള്‍ അഞ്ചാറ് പേരുണ്ട്.കൂട്ടത്തില്‍ ചിലര്‍ക്കാണെങ്കില്‍ ഉറക്കമില്ലായ്മയുടെ അസുഖമുള്ളതുകൊണ്ട് അവന്മാരെ കുത്തിപ്പൊക്കാന്‍ അവന്മാരുടെ വീടിന്റെ മുന്നില്‍ ചെന്ന് അലമുറയിടണം. കഷ്ടകാലതിന്‌ അവന്മാരൊക്കെ ഉണരുന്നതിന്‌ മുന്‍പു അടുത്ത വീട്ടുകാരെങ്ങാന്‍ എഴുന്നേറ്റാല്‍ നമ്മുടെ വീട്ടുലിരിക്കുന്നവരെ പറയും(അങ്ങനെ എത്ര പറയിപ്പിച്ചിരിക്കുന്നു).അങ്ങനെ ആ തെറികളില്‍ നിന്നും ആവേശം ഉള്‍ക്കൊണ്ട് ഉറക്കച്ചടവൊക്കെ വിട്ട് ഓടാന്‍ തുടങ്ങും.അങ്ങനെ കരുമല ബാങ്ക് മുതല്‍(ബാങ്കിന്റെ പിന്നിലുള്ള ഭവനത്തിലാണ്‌ മഹാനായ എന്റെ ജനനനം) ശിവപുരം സ്കൂള്‍ വരെയുള്ള ഒരു കിലോമീറ്റര്‍ പിന്നിടുമ്പോഴേക്കും കൂട്ടത്തില്‍ പലരും മിസ്സിങ്ങാണെന്ന സത്യം മന‍സ്സിലാക്കുന്നതോടെ തിരിഞ്ഞ് നടക്കാന്‍ തുടങ്ങും.അങ്ങനെ ക്ഷീണിച്ച് അവശനായി ഒരുവിധം ആല്‍ത്തറയില്‍ ചെന്ന് കിടക്കും.അതുകഴിഞ്ഞാല്‍ പിന്നെ തുടങ്ങുകയായി ക്രിക്കറ്റ് കളി.അതൊരു പതിനൊന്ന് പന്ത്രണ്ട് മണി വരെ നീളും.ആ കാലമൊക്കെ പോയി..ഇപ്പം ആരേയും കാണാന്‍ പോലും കിട്ടുന്നില്ല, ഓരോരുത്തരും ഓരോ സ്ഥലങ്ങളില്‍ ജീവിതം കളിച്ചു തീര്‍ക്കാന്‍ പാടുപെടുന്നു‍‍.


നീ കളിക്കാനൊന്നും പോകുന്നില്ലേ?ഒരിക്കല്‍ പോലും വീട്ടില്‍ അടങ്ങിയിരിക്കാത്ത എന്റെ ഇരിപ്പു കണ്ട് അമ്മ വെറൂതെ ചോദിച്ചു
അതൊക്കെ കൊച്ചു പിള്ളേരല്ലേ,അവരടുകൂടെ എങ്ങനാ കളിക്കുക.ആരെങ്കിലും കണ്ടാല്‍ മോശമല്ലേ?(സത്യം പറഞ്ഞാല്‍ അവരുടെ അടുത്ത് പിടിച്ച് നില്‍ക്കാന്‍ പറ്റില്ലാന്നുള്ളതുകൊണ്ടാ പോകാത്തത്.ഇപ്പോഴത്തെ പിള്ളേരൊക്കെ പുലികളാ.. )

        ഇനിയിപ്പം സമയം പോക്കാന്‍ വേറെ മാര്‍ഗം ഒന്നുമില്ല,എന്നാപിന്നെ കുറച്ച് പാമ്പും കോണിയും കളിച്ചാലോ..ആരും കമ്പനിയില്ല,അമ്മയെ ഒന്നു വിളിച്ച് നോക്കി.നീ പോയി വേറെ വല്ല പണിയും നോക്കെടാ എന്ന മറൂപടി കിട്ടിയതോടെ ആ പ്ലാനും പോയി കിട്ടി.വെറുതെ മുറ്റത്തു കൂടെ നടക്കുമ്പോഴാണ്‌ അടുത്ത വീട്ടിലെ കൊച്ചിനെ കണ്ടത്‌.അവള്‍ യു.കെ.ജി യില്‍ പഠിക്കുന്നതാ എന്നാലും ആള്‌ ഭയങ്കര തിരുമാലിയാ..അതൊന്നും പ്രശ്നമില്ല എങ്ങനെയെങ്കിലും കള്ളക്കളികളിച്ചെങ്കിലും അവളെ തോല്പിക്കാം.അവള്‌ തന്നെ മതി.ഞാന്‍ മതിലിനടുത്ത് ചെന്ന് അവളെ വിളിച്ചു.

അമ്മൂ വാ.. നമുക്കു്‌ പാമ്പും കോണിയും കളിക്കാം.കേട്ടപാതി കേള്‍ക്കാത്തപാതി അവള്‌ ചാടി കേറി വന്നു.


ഞാന്‍ വിചാരിച്ചത് പോലെയൊന്നുമല്ല,ഇവള്‌ ഭയങ്കര കളിയാ.അവളടിച്ച് വിട്ട് പോകുവാ,എനിക്കാണെങ്കില്‍ ഇതുവരെ ഒന്ന് വീണിട്ടില്ല.ഒന്ന് വീഴാതെ കളിക്കാന്‍ പറ്റില്ലത്രേ..(ആരാണാവോ ഈ നിയമം ഉണ്ടാക്കിയത്???)അവളെ വല്ല പാമ്പും വിഴുങ്ങണേ എന്നും പ്രാര്‍ത്ഥിച്ച് ഞാനിങ്ങനെ ഇരിക്കാ..അപ്പോഴുണ്ട് അവളുടെ അമ്മ, അവരിതാ എന്റെ നേര്‍ക്ക് ഓടി വരുന്നു.അവരുടെ വരവു കണ്ടിട്ട് അതത്ര പന്തിയായി തോന്നുന്നില്ല.

ഞാന്‍ അവളോട് സംസാരിക്കുന്നതും അവള്‌ ഓടി വരുന്നതുമൊക്കെ അവര്‌ അവിടെ മാറി നിന്നു്‌ സസൂക്ഷ്മം വീക്ഷിക്കുകയായിരുന്നു (ദൈവമേ,ഇനി ഞാനവളെ ലൈന്‍ ഇടുകയാണെന്നോ മറ്റോ ഇവര്‌ കരുതിക്കാണുമോ..പറയാന്‍ പറ്റില്ല ഇപ്പം അങ്ങനെ പലതും നടക്കുന്ന കാലമാണെല്ലോ)

മോനെ നീയെന്തിനാ അമ്മുവിനെ വിളിച്ചേ?

ഒന്നുമില്ല ചേച്ചി, ഞങ്ങള്‌ വെറുതെ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു.

ഇനി അവളെ അങ്ങനെ കളിക്കാന്‍ വിട്ടാല്‍ ശരിയാവില്ല മോനെ..അവളൊന്നും പഠിക്കില്ല എപ്പോഴും കളിച്ച് നടക്കുകയാ പണി.

അയ്യോ, ഇവള്‌ കൊച്ചു കുട്ടിയല്ലേ ചേച്ചി.പോരാത്തതിന്‌ വെക്കേഷനും.ഈ സമയത്തൊക്കെ കളിച്ച് നടക്കുകയല്ലേ വേണ്ടത്??

അങ്ങനൊന്നുമല്ല മോനെ, ഇവള്‍ എന്‍ട്രന്‍സില്‍ തോറ്റിട്ടിരിക്കാ.അതാ ഞാന്‍ കളിക്കാന്‍ വിടാത്തത്

(എനിക്കു ചെറുതായൊന്ന് തല കറങ്ങുന്നതുപോലെ തോന്നി.ദൈവമേ നഴ്സറിയില്‍ പഠിക്കുന്ന കൊച്ചിന്‌ എന്ത് എന്‍ട്രന്‍സാണാവോ)


ഇവള്‍ക്ക് എന്തിനാ ചേച്ചീ എന്‍ട്രന്‍സ്?

ഇവള്‍ ഒന്നാം ക്ലാസ്സിലേക്കല്ലേ.. ജയ്റാണി പബ്ലിക് സ്കൂളില്‍ അഡ്മിഷന്‍ കിട്ടണമെങ്കില്‍ എന്‍ട്രന്‍സ് ഉണ്ട്.അതിലിവള്‍ തോറ്റു.

ഇവിടെ വേറെ എത്ര സ്കൂളുണ്ട്, പിന്നെന്താ പ്രശ്നം?

ജയ്റാണി നല്ല സ്കൂളാ.ഇവിടെ അടുത്തുള്ള കുട്ടികളൊക്കെ അവിടെയാ പഠിക്കുന്നത്.ഇവള്‍ക്ക് മാത്രം അവിടെ കിട്ടിയില്ലേല്‍ നാണക്കേടല്ലേ.. പോരാത്തതിന്‌ എല്ലാരും പറയില്ലേ നമ്മള്‌ ശ്രദ്ധിക്കാത്തതുകൊണ്ടാണെന്ന്.മോന്റെ അമ്മയൊക്കെ നന്നായി ശ്രദ്ധിച്ചതു കൊണ്ടല്ലേ മോനിപ്പം നല്ല നിലയിലെത്തിയത്..

(എന്റെ നിലയുടെ കാര്യം എനിക്ക് മാത്രമേ അറിയൂ..എന്നാലും നമ്മുടെ വീക്ക്നെസ്സില്‍ കേറി പിടിച്ചാല്‍ പിന്നെ വല്ലതും പറയാന്‍ പറ്റുമോ? )

ഇനിയിപ്പം എന്തു ചെയ്യും ചേച്ചീ?

നമ്മുടെ മെമ്പറ് ശരിയാക്കി തരാമെന്നു പറഞ്ഞിട്ടുണ്ട്.പക്ഷേ ഇരുപത്തിഅയ്യായിരം കൊടുക്കണം.

എന്റമ്മോ..ഒന്നും പറയാനില്ല. ചേച്ചി വേഗം കൂട്ടിക്കൊണ്ട് പോയിക്കൊ..


എടീ വേഗം പോയി പഠിച്ചോ..(അല്ലേലും നിനക്ക് ഇത് തന്നെ കിട്ടണം,നീയെന്നെ തോല്പിക്കാന്‍ നോക്കിയതല്ലേ..)

അവള്‍ ദേഷ്യത്തോടെ എനിക്ക് നേരെ കൊഞ്ഞനം കുത്തിക്കൊണ്ട് ഓടിപ്പോയി..



പാവം കുട്ടി,പണ്ട് എഞ്ചിനിയറിങ്ങ് എന്‍ട്രന്‍സ് എഴുതിയപ്പോള്‍ തന്നെ ഞാന്‍ എന്‍ട്രന്‍സ് കണ്ടുപിടിച്ചവന്റെ തന്തക്ക് വിളിച്ചതാ.അപ്പം പിന്നെ ഇവളൊക്കെ എത്ര തവണ വിളിച്ചു കാണും!!



Monday, May 17, 2010

യാഥാര്‍ത്ഥ്യം

ഭൂതകാലത്തിന്റെ ശേഷിപ്പുകള്‍ 
അന്ധകാര ബീഭത്സത്തില്‍  നിന്ന്‌
വര്‍ത്തമാനത്തിന്റെ യാഥാര്‍ത്ഥ്യത്തിലേക്ക്‌
തുറിച്ച്‌ നോക്കുമ്പോള്‍
സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യങ്ങളും
യാഥാര്‍ത്ഥ്യങ്ങള്‍ സ്വപ്നങ്ങളും
രണ്ടും തമ്മില്‍
കൂട്ടിയിണക്കാനാവാത്ത
പതിവ്‌ മധ്യസ്ഥപ്രമാണിയായ്‌
ഞാനും.

യാഥാര്‍ത്ഥ്യത്തിന്റെ വിജയം സ്വപ്നത്തിനിഷ്ടമല്ല
സ്വപ്നത്തിന്റേത്‌ യാഥാര്‍ത്ഥ്യത്തിനും..
സ്വന്തവും ബന്ധവും
മറന്ന്‌
പോരടിച്ച്‌ മുന്‍പേപോയവര്‍ 
മാര്‍ഗദര്‍ശികളായപ്പോള്‍(ഉപദേശികള്‍)
പ്രതിരോധങ്ങളും
പ്രതിഷേധങ്ങളുമായ്‌
ഇരുകൂട്ടരും
ഒപ്പത്തിനൊപ്പം.
സംഘബലം സംഹാരത്തിലേയ്ക്ക്‌
അടുത്തപ്പോള്‍
സ്വപ്നത്തിന്‌ മുന്നില്‍
യാഥാര്‍ത്ഥ്യത്തിന്‌ കാലിടറി,
ക്ലാസ്സുകള്‍ സ്വപ്നാടനങ്ങളായ്‌
രാത്രികള്‍ നിദ്രാവിഹീനങ്ങളായ്‌
എന്റെ ലോകത്ത്‌(സ്വപ്ന)
ഞാന്‍ മാത്രം മുന്നൊട്ട്‌
മറ്റുള്ളവര്‍ ചലിക്കുന്ന
വെറും പാവകള്‍ മാത്രം.
സത്യത്തിന്റെ വിചിത്രമുഖവുമായ്‌
യാഥാര്‍ത്ഥ്യം വിജയമുറപ്പിച്ചപ്പോള്‍
സപ്ലികള്‍ വന്നു
അവപെറ്റുപെരുകി
അവ എനിക്കുമുന്നില്‍ ചോദ്യങ്ങളായ്‌
ചോദ്യചിഹ്നങ്ങളുമായ്‌...
മാര്‍ക്ക്‌ ഷീറ്റുകള്‍ സ്വപ്നത്തിന്റെ
ശേഷിപ്പുകളായ്‌...


യാഥര്‍ത്ഥ്യം എന്നെനോക്കി
പുച്ഛിച്ചു;
ആരാണ്‌ വിഡ്ഢി
യാഥാര്‍ത്ഥ്യത്തെ നിശ്ചലമാക്കിയ
സ്വപ്നമോ
സ്വപ്നത്തിനിടം കൊടുത്ത ഞാനോ?
എന്തുതന്നെയായാലും
രാഷ്ട്രീയക്കാരെപോലെ
ഞാനും
ഉത്തരവാദിത്തമേറ്റെടുക്കുന്നു
പരാജയമംഗീകരിക്കുന്നു
പക്ഷെ രാജി.....?
ജീവിതത്തില്‍ നിന്നെങ്ങനെ
രാജിവെക്കും........
'ഭൂതകാലത്തിന്റെ നിശബ്ദ
തേങ്ങലില്‍നിന്ന്
അയാള്‍ വര്‍ത്തമാനത്തിലെത്തി
കരയെ പ്രണയിച്ച്‌ അടുത്ത്‌
വന്നുടഞ്ഞ്‌ പോയിട്ടും
തിരകള്‍ കരയെ
തേടി വീണ്ടും...'

ഞാനുമതെ,
യാഥാര്‍ത്ഥ്യം യാഥാര്‍ത്ഥ്യമായും
സപ്ലികളായും
അവശേഷിക്കുമ്പോള്‍
വീണ്ടുംസ്വപ്നത്തിനൊരവസാന
സാധ്യത തിരയുന്നു.

Friday, May 14, 2010

മൂന്നാറിന് അംഗീകാരം





                മൂന്നാറിന് ഏഷ്യയിലെ മികച്ച രണ്ടാമത്തെ വിനോദസഞ്ചാര കേന്ദ്രമായി യാത്രക്കാരുടെ അംഗീകാരം.ഓണ്‍ലൈന്‍ യാത്രാമാഗസിനായ       സഞ്ചാരികള്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയിലാണ് മൂന്നാര്‍ രണ്ടാം സ്ഥാനത്ത് എത്തിയത്.
ചില മൂന്നാര്‍ കാഴ്ചകളിലേക്ക്..




സ്വാഗതം...  







































Thursday, May 13, 2010

ശ്രീശാന്തില്ലാതെ ലോകകപ്പോ??




                         അങ്ങനെ ഇന്ത്യ ലോകകപ്പില്‍ നിന്നും  പുറത്തായി. പെണ്ണ് പിടിയും  നിശാ പാര്‍ട്ടികളുമായി നടന്നാല്‍ കളി ജയിക്കില്ലെന്നാ നമ്മുടെ കോച്ച് ക്രിസ്ടന്‍ പറയുന്നത്.നാണം കെട്ട് പുറത്തായപ്പോഴാണ് പുള്ളിക്കാരന് കാര്യങ്ങള്‍ കത്തിയത്.ടീം തെരഞ്ഞെടുപ്പും തോല്‍ക്കലും പുറത്താകലും  എല്ലാം കഴിഞ്ഞപ്പോള്‍ പുള്ളി പറയാ ടീമിലെല്ലാര്‍ക്കും അമിത ഭാരമാണെന്ന്..യുവരാജും രോഹിത് ശര്‍മ്മയും കളിക്കാന്‍ കൊള്ളില്ലെന്ന്..ഇതൊക്കെ കേട്ടാല്‍ ആരാധകര്‍ സഹിക്കുമോ? നാളെ തന്നെ ഗ്യാരി ക്രിസ്ടന്റെ കോലം കത്തിക്കുമെന്ന്  യുവരാജ് ഫാന്‍സും രോഹിത് ശര്‍മ്മ ഫാന്‍സും പ്രഖ്യാപിച്ചു കഴിഞ്ഞു(ഇതൊക്കെയല്ലേ ഇപ്പോഴത്തെ ഒരു ട്രെന്റ് ).ആദ്യ ലോകകപ്പില്‍ ഒരു ഓവറില്‍ ആറ് സിക്സ് അടിച്ചു  ഇന്ത്യയെ ജയിപ്പിച്ച യുവിയെ കുറിച്ചാണ് പറഞ്ഞിരിക്കുന്നത്...(പെറ്റമ്മ കേട്ടാല്‍ സഹിക്കുമോ ?? ).ഇപ്പം ഇടക്കാലത്ത് ഇച്ചിരി ഫോം പോയെന്നു കരുതി അങ്ങനെയാരും തൊഴുത്തില്‍ കെട്ടാന്‍ നോക്കണ്ട..ഇനിയും ഒരു മൂന്നാല് സിക്സൊക്കെ യുവരാജ് അടിക്കും കുറച്ചു സമയം കൊടുക്കണമെന്ന് മാത്രം.അതിപ്പം എപ്പോഴാണെന്ന് മാത്രം പറയാന്‍ പറ്റില്ല.എന്തായാലും അടിക്കും,അതുറപ്പാ..    
പിന്നെ ആണുങ്ങളാകുമ്പോള്‍ ഗേള്‍ ഫ്രന്റ്സിന്റെ കൂടെ നിശാ പാര്‍ടിക്കൊക്കെ പോയെന്നു വരും അതൊക്കെ ഒരു കുറ്റമാണോ?? ഇതൊക്കെ ക്രിക്കറ്റ് കളിക്കാരുടെ ജന്മാവകാശമല്ലേ..





സത്യം പറഞ്ഞാല്‍  ഇതൊന്നുമല്ല കാര്യം; ശ്രീശാന്തിനെ ടീമിലെടുക്കാഞ്ഞപ്പോഴേ ഞാന്‍ പറഞ്ഞതാ ഇന്ത്യ തോല്‍ക്കുമെന്ന്.അവസാന ബോളില്‍ കാച്ച് എടുത്ത് ഇന്ത്യയെ ജയിപ്പിക്കാന്‍ ശ്രീശാന്തില്ലാതെ ഇന്ത്യ എങ്ങനെ ജയിക്കാനാ..കഴിഞ്ഞ തവണ  ശ്രീശാന്തിനെ കൂട്ടാതെ കളിക്കാന്‍ പോയിട്ടെന്തായി,തോറ്റ് തൊപ്പിയിട്ടില്ലേ..എന്നിട്ടും സെലക്ടര്‍മാര്‍ പഠിച്ചില്ല.അവന്മാര്‍ക്ക് അങ്ങനത്തന്നെ വേണം!!!!അടുത്ത തവണയെങ്കിലും ശ്രീശാന്തിനെ ടീമിലെടുത്താല്‍ സെലക്ടര്‍മാര്‍ക്ക് കൊള്ളാം (ജയിക്കണമെന്ന് ആഗ്രഹാമുന്റെങ്കില്‍ മതി  )  

Tuesday, May 4, 2010

കണ്ടെത്തലുകള്‍...





മുകളില്‍ കൊടുത്തിരിക്കുന്ന ഫോട്ടോയില്‍ കാണുന്ന അജ്മല്‍ കസബ് കുറ്റക്കാരനാണെന്നും അദ്ദേഹത്തിന്റെ കൈയ്യില്‍ കാണുന്നത് തോക്ക് എന്ന് പറയപ്പെടുന്ന വസ്തുവാണെന്നും പ്രത്യേക കോടതി കണ്ടെത്തിയിരിക്കുന്നു.കൃത്യമായി പറഞ്ഞാല്‍ 525ദിവസങ്ങള്‍ ‍നീണ്ട അന്വേഷണങ്ങള്‍ക്കും    വിചാരണകള്‍ക്കും  ഒടുവിലാണ് അജ്മല്‍ കസബ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരിക്കുന്നത്.ഇതിപ്പം ഇവിടത്തെ കൊച്ചുകുട്ടികള്‍ക്കുപോലും അറിയുന്ന കാര്യമല്ലേ എന്ന് ആരെങ്കിലും ചോദിച്ചാല്‍ (എനിക്ക് ഒന്നേ പറയാനുള്ളൂ ,ഞാനീ നാട്ടുകാരനല്ലേ...) അതു മാത്രമല്ല;വേറെയും കണ്ടെത്തിയുട്ടുണ്ട്. 







ആക്രമണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കപ്പെട്ടിരുന്ന ഫാഹിം അന്‍സാരി,സബാഹുദ്ദീന്‍ അഹമ്മദ് എന്നിവരെ കൃത്യമായ തെളിവുകളുടെ അഭാവത്തില്‍ കുറ്റക്കാരല്ലെന്ന് കണ്ടെത്തി.

17മാസം നീണ്ട് അന്വേഷണത്തില്‍ ഇവര്‍ക്കെതിരെ ശക്തമായ തെളിവുകള്‍ ശേഖരിക്കുന്നതില്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് കഴിഞ്ഞില്ല എന്ന പറയുമ്പോള്‍,അന്വേഷണ ഏജന്‍സികളുടെ വിശ്വാസത തന്നെ ചോദ്യം ചെയ്യപ്പെടുന്നു.യാഥാര്‍ത്ഥ്യം അംഗീകരിക്കാതെ ‍, ശക്തമായ അന്വേഷണ നടത്താതെ, ഇത് ഇന്ത്യയിലെ അന്വേഷണ ഏജന്‍സികളുടെ തൊപ്പിയില്‍ ഇതൊരു പൊന്‍ തൂവലാണെന്നും നിഷ്പക്ഷമായ അന്വേഷണത്തിന്റെ തെളിവാണ്‌ രണ്ട് പ്രതികളെ വെറുതെവിട്ടതിനു പിന്നില്‍ എന്നും വിളിച്ചു കൂവുന്ന ആഭ്യന്തര മന്ത്രി സന്തം കഴിവുകേട് മറയ്ക്കാന്‍ ശ്രമിക്കുയാണ്‌.
ദിവസം 1200ഡോളര്‍ മുടക്കി പോറ്റി വളര്‍ത്തുന്ന കസബിനെ ശിക്ഷിക്കുന്നതുകൊണ്ട് മാത്രം  ഇന്ത്യയുടെ യശസ്സ് ലോക ജനതയ്ക്കു മുന്നില്‍ വര്‍ദ്ധിക്കുമെന്ന് തോന്നുന്നില്ല.പാക്കിസ്ഥാനെതിരെ ശക്തമായ അഭിപ്രായ സമന്വയം പൊലും സൃഷ്ടിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞില്ല എന്നതും ഖേതകരമാണ്‌.

Friday, April 30, 2010

മൗനം








ഈ രാത്രിയുടെ യാമങ്ങളിലെവിടേയും

എന്തിനോവേണ്ടി ആർത്തുല്ലസിക്കുന്ന മൗനം...

ആരോടാണ്‌ നീ

ഇത്ര നിർബന്ധബുദ്ധിയോടെ മത്സരിക്കുന്നത്‌?

അരുത്‌,എന്നോടാണെങ്കിൽ വേണ്ട

നീയെനിക്കൊരിക്കലും മത്സരമല്ല;വാശിയുമല്ല

എന്റെ അനുഷ്ടാനമാണ്‌.....

ജീവിതം കൊണ്ട്‌ ഞാനെഴുതിയ

എന്റെമാത്രം പ്രത്യയശാസ്ത്രം

എങ്ങുമൊടുങ്ങാത്ത എന്റെ നഷ്ടസ്വപ്നങ്ങളുടെ

കണക്കപ്പിള്ളയായ്‌ എന്തിനാണ്‌

വേദനകൾ മാത്രം തിന്നു കഴിയുന്ന

ഈ ശരശയ്യയിലും എന്നെ പിന്തുടരുന്നത്‌ ?

വിജയാഹ്ലാദത്തിന്റെ സുവർണരഥത്തിൽനിന്നും

പരാജയത്തിന്റെ അന്ധകാരബീഭത്സങ്ങളിലേക്ക്‌

ആസന്നമായ യാത്രാമൊഴിയോതുമ്പോഴും ഞാനറിയുന്നു

നീയല്ലാതെ ആരുമെന്നെ പിന്തുടരുന്നില്ല.

പ്രണയമെന്ന എന്റെ ഭാര്യയും

സൗഹൃദമെന്ന കാമുകിയും

ഈറനണിയിച്ച്‌ യാത്രയാകുമ്പോഴും

നീ മാത്രം എനിക്ക്‌ കൂട്ടാവുന്നു

ഈ രാത്രിയുടെ ഏകാന്തതകളിൽ

തണുത്തുറഞ്ഞ ഈ സായന്തനങ്ങളിൽ

എനിക്ക്‌ ചൂടേകുന്ന നിന്നെ

ഞാനെന്തു വിളിക്കണം.....?

കൂകി വിളിക്കുന്ന പകൽമാന്യ

സദാചാര കോമരങ്ങളെപ്പോലെ

ഞാനും നിന്നെ

വേശ്യയെന്നു വിളിക്കട്ടെ?