Friday, April 30, 2010

മൗനം








ഈ രാത്രിയുടെ യാമങ്ങളിലെവിടേയും

എന്തിനോവേണ്ടി ആർത്തുല്ലസിക്കുന്ന മൗനം...

ആരോടാണ്‌ നീ

ഇത്ര നിർബന്ധബുദ്ധിയോടെ മത്സരിക്കുന്നത്‌?

അരുത്‌,എന്നോടാണെങ്കിൽ വേണ്ട

നീയെനിക്കൊരിക്കലും മത്സരമല്ല;വാശിയുമല്ല

എന്റെ അനുഷ്ടാനമാണ്‌.....

ജീവിതം കൊണ്ട്‌ ഞാനെഴുതിയ

എന്റെമാത്രം പ്രത്യയശാസ്ത്രം

എങ്ങുമൊടുങ്ങാത്ത എന്റെ നഷ്ടസ്വപ്നങ്ങളുടെ

കണക്കപ്പിള്ളയായ്‌ എന്തിനാണ്‌

വേദനകൾ മാത്രം തിന്നു കഴിയുന്ന

ഈ ശരശയ്യയിലും എന്നെ പിന്തുടരുന്നത്‌ ?

വിജയാഹ്ലാദത്തിന്റെ സുവർണരഥത്തിൽനിന്നും

പരാജയത്തിന്റെ അന്ധകാരബീഭത്സങ്ങളിലേക്ക്‌

ആസന്നമായ യാത്രാമൊഴിയോതുമ്പോഴും ഞാനറിയുന്നു

നീയല്ലാതെ ആരുമെന്നെ പിന്തുടരുന്നില്ല.

പ്രണയമെന്ന എന്റെ ഭാര്യയും

സൗഹൃദമെന്ന കാമുകിയും

ഈറനണിയിച്ച്‌ യാത്രയാകുമ്പോഴും

നീ മാത്രം എനിക്ക്‌ കൂട്ടാവുന്നു

ഈ രാത്രിയുടെ ഏകാന്തതകളിൽ

തണുത്തുറഞ്ഞ ഈ സായന്തനങ്ങളിൽ

എനിക്ക്‌ ചൂടേകുന്ന നിന്നെ

ഞാനെന്തു വിളിക്കണം.....?

കൂകി വിളിക്കുന്ന പകൽമാന്യ

സദാചാര കോമരങ്ങളെപ്പോലെ

ഞാനും നിന്നെ

വേശ്യയെന്നു വിളിക്കട്ടെ?

5 comments:

Rejeesh Sanathanan said...

"ഞാനും നിന്നെ വേശ്യയെന്നു വിളിക്കട്ടെ?"

വേറെ വിളിക്കാന്‍ പേരൊന്നും കിട്ടാഞ്ഞിട്ടാണോ.....:)

നല്ല വരികള്‍....

പട്ടേപ്പാടം റാംജി said...

വരികള്‍ കൊള്ളാം.

RAHUL AR said...

@മാറുന്ന മലയാളി:

സത്യം പറഞ്ഞാല്‍ വേറൊന്നും കിട്ടിയില്ല,അതു കൊണ്ടാ..

@പട്ടേപ്പാടം റാംജി:

നന്ദി

Unknown said...

കൂകി വിളിക്കുന്ന പകൽമാന്യ

സദാചാര കോമരങ്ങളെപ്പോലെ

ഞാനും നിന്നെ

വേശ്യയെന്നു വിളിക്കട്ടെ?
എനിക്കിഷ്ടായി

RAHUL AR said...

@റ്റോംസ് കോനുമഠം :

നന്ദി സുഹൃത്തേ...