Tuesday, June 22, 2010

വിശപ്പിന്‍റെ വിളിഉറക്കം വന്ന്‍ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ , അതിനിടയിലാണ് ഒടുക്കത്തെ സന്തതി കാറാന്‍ തുടങ്ങിയത്. ഇതുവരെ ചിണുങ്ങിക്കൊണ്ടിരുന്ന മൂത്തത്ങ്ങള് രണ്ടിനേം ഒരുജാതിക്കൂടി എങ്ങനോ ഒറക്കിയതാണെന്ന്‍ അയാള്‍ വേദനയോടെ ഓര്‍ത്തു . കരച്ചില്‍ അസഹനീയമായപ്പോള്‍ അയാള്‍ ബീവിയെ വിളിച്ചു.
 ’ടീ സുഹറേ, അയിന് വല്ലതും കൊടുക്കെടി..’
 …….
അവളുടെ നിശബ്ദത അയാളെ ക്രുദ്ധനാക്കി.
 ’ഇങ്ങെന്താ ഒന്നും മിണ്ടാത്തെ, നെന്റെ വായിലെന്താ പയം തള്ളി ബെച്ചിക്കോ?’ അയാള്‍ വീണ്ടും ചോദിച്ചു.
‘ഞാനെന്തെടുത്ത്‌ബച്ച് കൊടുക്കണെന്നാ ഇങ്ങള് പറയുന്നേ?’ അവളുടെ സങ്കടം വാക്കുകളായി..
ഓര്‍ക്കാനിഷ്ടമില്ലാത്ത എന്തോ കാര്യം ഓര്‍മ്മിപ്പിച്ചതിലുള്ള പരിഭവത്തോടെ അയാള്‍ വീണ്ടും മൗനത്തിലേക്ക് ഊളിയിട്ടു.
         കുഞ്ഞിന്റെ കരച്ചിലും അവളുടെ മൂളിപ്പാട്ടും ചേര്‍ന്ന് ആ ഓല മേഞ്ഞ കുഞ്ഞു വീടിനകത്ത് വീണ്ടും അസ്വസ്ഥതകള്‍ സൃഷ്ടിക്കാന്‍ തുടങ്ങിയതോടെ അയാള്‍ വീണ്ടും പ്രതികരിച്ചു.
‘ഇങ്ങ് അയിന് കൊറച്ച് മൊല കൊടുക്കെടീ ..’
 പ്രതികരണമായി അവളില്‍ നിന്നും ഒരു ഏങ്ങി കരച്ചില്‍ ഉയര്‍ന്നു തുടങ്ങിയതോടെ അയാള്‍ കട്ടിലില്‍ നിന്നും താഴോട്ടിറങ്ങി അവളോടു ചേര്‍ന്ന് കിടന്നു.അയാളുടെ കൈ വിരലുകള്‍ അവളുടെ പൊക്കിള്‍ ചുഴിയില്‍ താളം പിടിച്ചു.പക്ഷെ അത്തരം സ്നേഹ പ്രകടനങ്ങളൊന്നും അവള്‍ക്കു ആശ്വാസം നല്‍കുകയോ അവളുടെ വികാരങ്ങളെ തഴുകി ഉണര്ത്തുകയോ ചെയ്തില്ല.മറിച്ച് ഒളിച്ചു വെച്ചിരുന്ന സങ്കടങ്ങള്‍ പുറത്തേക്ക് വരുകയായിരുന്നു.
 ’മൊല വെറുതങ്ങ് വായില്‍ തിരുകി വെച്ചാല്‍ മത്യോ,പാല് വരണ്ടേ ? കഴിഞ്ഞ ഒരാഴ്ചയായി ഞമ്മള് വെറും പച്ച വെള്ളം മാത്രാ കുടിച്ചേ ..പിന്നെങ്ങനാ പാല് വരാ.’.അവള്‍ കരഞ്ഞുകൊണ്ടിരുന്നു.
             അയാള്‍ അവളുടെ ശരീരത്തില്‍ നിന്നും വേര്‍പെട്ട് പുറത്തേക്കിറങ്ങി.ചുണ്ടില്‍ എരിയുന്ന ബീഡിയുമായി അയാള്‍ വരാന്തയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. താന്‍ പിറന്നു വീണത്‌ തന്നെ കഷ്ടപ്പാടുകളുടെ നടുവിലേക്കായിരുന്നു.കുടുംബത്തിന്റെ കണ്ണീരിനു പരിഹാരമാകുമെന്ന് കരുതിയാ വളരെ ചെറുപ്പത്തിലേ അന്യ ദേശത്ത് ചെന്ന് കഷ്ടപ്പെടാന്‍ തുടങ്ങിയത്.ഒരു പരിധി വരെ താന്‍ അതില്‍ വിജയിക്കുകയും ചെയ്തു.തന്റെ മൂത്ത മൂന്നു പെങ്ങന്മാരെ കെട്ടിച്ചയച്ചു.ഒടുവില്‍ എല്ലാരുടെയും നിര്‍ബന്ധത്തിനു വഴങ്ങി താനും കെട്ടി.പക്ഷെ വളരെ പെട്ടന്നായിരുന്നു ദുരിതങ്ങള്‍ ഇടുത്തീ പോലെ വീണുകൊണ്ടിരുന്നത്.ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ കുറെ നാള്‍ ജയിലില്‍…പിന്നെ ആരുടെയൊക്കെയോ ദയവില്‍ നാട്ടിലെ  നിത്യ ദാരിദ്രത്തിലേക്ക്..
           പള്ളിയും പാര്‍ട്ടിയുമായിരുന്നു അവസാന പ്രതീക്ഷ.രണ്ടു കൂട്ടരും ഒരുപോലെ കൈവിട്ടു. ഇനി എന്ത് ചെയ്യും? അരുതാത്തത് പലതും ചെയ്തു കൂടെയുണ്ടായിരുന്നവരൊക്കെ പണക്കാരായപ്പോഴും താന്‍ അള്ളാഹുവില്‍ വിശ്വസിച്ച് നല്ലത് മാത്രം ചെയ്തു.എന്നെങ്കിലും പട്ടിണിയും കഷ്ടപ്പാടുമില്ലാത്ത ഒരു ദിവസം സ്വപ്നം കണ്ടു..പക്ഷെ ഒന്നും നടന്നില്ല,സ്വപ്‌നങ്ങള്‍ കേവലം സ്വപ്‌നങ്ങള്‍ മാത്രമായി അവശേഷിച്ചു.
             അയാള്‍ അകത്തേക്ക് കയറി.എല്ലാവരും നല്ല ഉറക്കമാണ്.അയാള്‍ വേദനയോടെ ഭാര്യയെ നോക്കി.വര്‍ഷങ്ങള്‍ക്കു മുന്‍പ് താന്‍ നിക്കാഹ് ചെയ്തു കൊണ്ട് വരുമ്പോള്‍ എങ്ങിനെയിരുന്ന പെണ്ണാ,ഇപ്പം സ്വന്തം കുഞ്ഞിനു കൊടുക്കാന്‍ മൊലപ്പാല്‍ പോലുമില്ലെന്ന ഗതികേടിലേക്ക് താന്‍ അവളെ തള്ളിയിട്ടിരിക്കുന്നു..അയാള്‍ തേങ്ങലടക്കാന്‍ പാടുപെടുകയായിരുന്നു.ഒടുവില്‍ യന്ത്രികമെന്നോണം അയാള്‍ എഴുന്നേറ്റ് ഷര്‍ട്ട് എടുത്തിട്ട്,പുറത്തേക്കിറങ്ങി.
                   രാവിലെ അത്യാവശ്യം വേണ്ട വീട്ടു സാധനങ്ങളുമായി അയാള്‍ വീട്ടിലെത്തി.രാവിലെ എഴുന്നേറ്റത് മുതല്‍ അയാളെ കാണാതെ പരിഭ്രമിച്ചിരിക്കുകയായിരുന്നു ഭാര്യ.
 ’ഇങ്ങള് ഏട പോയതായിനും? ഞമ്മള് രാവിലെ മുതല്‍ കണ്ടോലോട് മുഴുവനും ചോയിച്ച് ഇങ്ങളെ കണ്ടോന്ന്.’
ചോദ്യങ്ങളെ അവഗണിച്ചുകൊണ്ട് വീട്ട് സാധനങ്ങളും കുറച്ചധികം പൈസയും അയാള്‍ അവളുടെ കൈയില്‍ കൊടുത്തു.
‘ഇതെവിടന്നാ ഇപ്പം ഇത്രേം പൈസ?’
തന്നെ വലിയങ്ങാടി ചന്തയില്‍ ഒന്നര ലക്ഷം രൂപയ്ക്കു വിറ്റെന്ന് പറയണമെന്നുണ്ടായിരുന്നു അയാള്‍ക്ക്‌..പക്ഷെ പറഞ്ഞില്ല,എന്തിനു വെറുതെ അവളെ വിഷമിപ്പിക്കണം..
                 ’ഞമ്മള് ഒരു വൈക്ക് പോകാ, ഇനി ചെലപ്പം കൊറച്ചു ദിവസം കഴിഞ്ഞേ വരൂ.എണക്ക് പേടിയുണ്ടേല് അപ്പറത്തെ ചെക്കനെ വിളിച്ചു ഇവിടെ നിര്‍ത്തിക്കോ..’ അയാള്‍ അതും പറഞ്ഞു നടന്നു നീങ്ങി.ആ നിമിഷം അയാളുടെ കണ്ണില്‍ ഒളിച്ചിരുന്ന കണ്ണീരിന്റെ നനവ്‌ ആര്‍ക്കും കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല.
 പിറ്റേന്ന് ഉച്ചക്ക് ടി വി ചാനലുകളില്‍ ഫ്ലാഷ് ന്യൂസുകളുടെ ബഹളം
              “ബാഗ്ലൂരില്‍ ഇരട്ട സ്ഫോടനം.മൂന്നു മലയാളികളെ സംശയിക്കുന്നു..
               പ്രതികള്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്നു സൂചന” ‍ ‍